ഐതീഹ്യം
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ പള്ളിപ്പുറം വില്ലേജിന്റെ വടക്കുഭാഗത്ത് വേമ്പനാട്ട്കായലിന്റെ പടിഞ്ഞാറെ തീരത്ത് ആചാര്യന്മാര്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുയോജ്യമായി വിധിച്ച സ്ഥാനത്ത് കിഴക്ക് ദര്‍ശനമായി സ്ഥിതിചെയ്യുന്ന അതിപുരാതനവും സുപ്രസിദ്ധവുമായ കേരളത്തിലെ ശ്രീമഹാലക്ഷ്മിദേവിയുടെ ബിംബ പ്രതിഷ്ഠയുള്ള ഏക ദേവാലയമാണ് പള്ളിപ്പുറം കടവില്‍ ശ്രീമഹാലക്ഷ്മി ക്ഷേത്രം. ശംഖ്, ചക്രം, കിളി, കതിര്‍ എന്നിവകള്‍ കൈകളില്‍ ഏന്തിയ ശ്രീമഹാലക്ഷ്മി രൂപമാണ് ഇവിടത്തെ വിഗ്രഹം.
പൌരാണിക കാലത്ത് തമിഴ് ദേശമായ കാഞ്ചീപുരത്ത് താമസിച്ചിരുന്ന ഭക്തജനങ്ങള്‍ ആരാധിച്ചുവന്നിരുന്ന കാഞ്ചീപുരേശ്വരിയായ ശ്രീമഹാലക്ഷ്മിദേവിയാണ് ക്ഷേത്രത്തില്‍ കുടികൊള്ളുന്നതെന്നണ് ഐതീഹ്യം. ആരാധകര്‍ താമസസ്ഥലം വിട്ടുപോന്നതിനുശേഷം തങ്ങളുടെ ഉപാസനാമൂര്‍ത്തിയെ ആരാധിക്കുവാന്‍ കഴിയാതെ വന്നു. ഇതില്‍ മനംനൊന്ത് നിരന്തരം പ്രര്‍ത്ഥന നടത്തിയതിന്റെ ഫലമായി ദേവി പൂര്‍വ്വസ്ഥാനത്തുനിന്നും നക്രവാഹനത്തില്‍ ജലമാര്‍ഗ്ഗം സഞ്ചരിച്ച് ഇന്ന് ക്ഷേത്രം കുടികൊള്ളുന്ന കായല്‍കരയില്‍ ശിലാരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ‘തെക്കേടര്‍’ കുടുംബത്തില്‍പ്പെട്ട ഒരു ഭക്തന് ദര്‍ശനം സിദ്ധിച്ചതിനെ തുടര്‍ന്ന് പില്‍ക്കാലത്ത് ക്ഷേത്രനിര്‍മ്മാണം നടത്തി വിധിപ്രകാരം പ്രതിഷ്ഠാകര്‍മ്മം നടത്തി ആചരുച്ചുവരുന്നു.
ഭഗവതി ഇവിടെ എത്തിച്ചേരുവാന്‍ ഉപയോഗിച്ച നക്രവാഹനം ദീര്‍ഘനാള്‍ ക്ഷേത്രത്തിന്റെ മുന്‍വശത്ത് കായല്‍തീരത്ത് കാണുക പതിവായിരുന്നു. ഈ മുതലയ്ക്ക് ഭക്തജനങ്ങള്‍ ‘മുതല ഊട്ടുവഴിപാട് ‘ നടത്തി നിവേദ്യം നല്‍കിയിരുന്നു. കാലാന്തരത്തില്‍ മുതയ്ക്ക് ജീവഹാനി സംഭവിച്ചതിനെതുടര്‍ന്ന് സ്മരണയ്ക്കായ് ദേവീഹിതപ്രകാരം മുതലയുടെ രൂപം കരിങ്കല്ലില്‍ കൊത്തി ശ്രീകോവിലിന് വടക്കുഭാഗത്ത് സ്ഥാപിച്ച് ആചരിച്ചുവരുന്നു.
ഭഗവതി ഇവിടെ എത്തിച്ചേര്‍ന്ന സ്ഥലം ദേവിയുടെ മൂലസ്ഥാനമായി കണക്കാക്കി കായല്‍തീരം നികത്തി അവിടെ ജലാശയം നിര്‍മ്മിച്ച് കരിങ്കല്‍കെട്ടി സംരക്ഷിച്ചുപോരുന്നു. ഈ ജലാശയം കായലിനോടു തൊട്ട് ചേര്‍ന്ന് കിടക്കുന്നതാണെങ്കിലും ജലാശയത്തിലെ വെള്ളത്തില്‍ ഉപ്പുരസം ഇല്ലെന്നുള്ളത് മാഹാത്മ്യമാണ്. ഈ ജലാശയത്തിലാണ് ദേവിയുടെ തിരുആറാട്ട് നടക്കുന്നത്.